Thursday, December 22, 2011

അവർത്തന വിരസമല്ലാത്ത ചില വിരുന്നുകൾ


മത്തി വറുക്കുന്ന മണമുള്ള ഒരു പഴയ ഉച്ച

ഉച്ചവെയിലിലും വാടാതെ അവർ വന്നു
പെണ്ണും ചെക്കനും

വിരുന്നിനു വന്നവരെ കളിയാക്കുവാൻ
വാക്കുകൾ അലോചിച്ച് ഞാൻ അടുക്കളയിൽ നിന്നും ഓടി ചെന്നു

അവൾ കുഞ്ഞമ്മേന്ന് വിളിച്ച് കെട്ടിപിടിച്ചു
ഒന്നും പറയാതെ കുറച്ച് ചിരിച്ച് അവൾ കവിൾ ചുവപ്പിച്ചു
അവന്റെ ചിരി നിറച്ചും ആ ചുവപ്പിന്റെ വെളിച്ചമാരുന്നു

അവൾ അവന് മീന്റെ മുള്ളടർത്തി കൊടുത്തു
എന്റെ കൊച്ച് അവരെ കളിയാക്കി ചിരിച്ചൂ

ഉച്ചയുറക്കം കഴിഞ്ഞിട്ട് വൈകുന്നേരം പോകുമ്പോൾ
അവർ വീട്ടിൽ ഉത്സാഹം നിറച്ചിരുന്നു

കൊച്ച് അവന്റെ തോളേന്ന് ഇറങ്ങാൻ മടിച്ചു
അവൾ കൊച്ചിനെ അസൂയയോടെ നോക്കി
എനിക്ക് പേടി തോന്നി കൊച്ചിനെ ഒരു നുള്ള് കൊടുത്തിറക്കി നിർത്തി
അവർ ഓട്ടോയിൽ കയറിപ്പോയി

ഇന്നലെ
ഉച്ച
അയലത്തെ വീട്ടിൽ മത്തി വറുക്കുന്ന മണം
തോളിലും വിരലിലുമായ് രണ്ടു കൊച്ചുങ്ങളെ കൊണ്ടവർ വന്നു
മൂത്തത് പെണ്ണ്
എളയത് ആണ്

കൊച്ചുങ്ങളെ കളിയാക്കാൻ വാക്കുകൾ ആലോചിച്ച്
ഞാൻ കിടപ്പ് മുറിയിൽ നിന്നും ഓടി ചെന്നു

അവർ അമ്മൂമ്മേന്ന് വിളിച്ച് കെട്ടിപിടിച്ചു
ഒന്നും പറയാതെ കുറച്ച് ചിരിച്ച് അവർ കവിൾ ചുവപ്പിച്ചു
അവന്റെയും അവളുടെയും ചിരി നിറച്ചും ആ ചുവപ്പിന്റെ വെളിച്ചമാരുന്നു

അവൾ കൊച്ചുങ്ങൾക്ക് മീന്റെ മുള്ളടർത്തി കൊടുത്തു
എന്റെ കൊച്ച് ആ കൊച്ചുങ്ങളെ കളിയാക്കി

ഉച്ചയുറക്കം കഴിഞ്ഞിട്ട് വൈകുന്നേരം പോകുമ്പോൾ
അവർ വീട്ടിൽ ഉത്സാഹം നിറച്ചിരുന്നു

കൊച്ചുങ്ങൾ വീട്ടിൽ നിന്നും ഇറങ്ങാൻ മടിച്ചു
അവൾ വീടിനെ അസൂയയോടെ നോക്കി
അവൾ കൊച്ചുങ്ങളെ നുള്ളുന്നതിനു മുന്നെ അവരെ പൊക്കിയെടുത്ത്
ഗേറ്റിനു പുറത്തെത്തിച്ച്
ഒരോ ഉമ്മകളും
കുറെ റ്റാറ്റകളും കൊടുത്തു.

അവർ കാറിൽ കയറി പോയി

Monday, May 30, 2011

ജ്യോതിലക്ഷ്മി ഒരു ഗൾഫ്കാരന്റെ ഭാര്യ


വലിയ പൂ ഉണ്ടാകുന്ന ഒരു സസ്യമാണവൾ.
വസന്തകാലത്ത് അവൾ ഭാരം കൊണ്ട് കുനിയുന്നു.

ബാക്കിയേല്ലാ കാലത്തും തന്റേടിയായ് തല ഉയർത്തിയങ്ങനെ നിൽക്കും.
മഴ നനച്ചാലും
കാറ്റടിച്ചാലും
വെയിലുണക്കിയാലും....

വസന്തകാലങ്ങൾക്കായവൾ കാത്തിരിക്കുന്നു.
കുനിഞ്ഞു നിൽക്കാൻ കൊതിക്കുന്നു.

Sunday, November 21, 2010

ഉപദേശം



നിലാവിനു ലഹരിയില്ല
ഉറക്കം വന്നില്ലെങ്കിലും സ്വപ്നം കാണാതെ ഉറക്കം നടിക്കുക
രാത്രിയിൽ ജനലുകൾ അടച്ചുറങ്ങുന്നതിന് പല കാരണങ്ങൾ ഉണ്ട്

ചുരിദാറിന്റെ പ്രധാനഭാഗം അരയിൽ മുറുകുന്ന വള്ളിയാണ്
ആൺകുട്ടികളോട് സൌഹൃദത്തെ പറ്റി സംസാരിക്കുക
നെഞ്ചിലെ രോമങ്ങൾ അസഹ്യമായാൽ ചുണ്ട് കടിച്ച് പിടിക്കുക

ആത്മാർത്ഥമായ് പ്രണയിക്കുക
എപ്പോഴും അതിന്റെ തകർച്ച കിനാവു കാണുക
പരാജയപ്പെട്ടാലും ഇല്ലെങ്കിലും രക്ഷപെടാൻ അതൊരു വഴി തുറന്നിടും

എപ്പോഴും നാളെയെ പറ്റിയും നാണയങ്ങളെയും പറ്റിയും ചിന്തിക്കുക
ബാക്കി എല്ലാ ചിന്തകളേയും നാണം കൊണ്ട് മറക്കുക

പിന്നെ എല്ല്ലാം എന്നോട് തുറന്ന് പറയുക
ഞാൻ വീണ്ടും ചേതോഹരങ്ങളായ ആ കള്ളങ്ങൾ കേൾക്കട്ടെ

Monday, October 18, 2010

വിരാമം






ഓരോ പുൽക്കുടിയിലും ത്രസിച്ചിരുന്ന വാസന്തം അപ്രത്യക്ഷമാകവെ
എന്റെ ആരാമത്തിലെ അരുവിയിതാ വരളുന്നു.

നിലാവുദിച്ചിട്ടും ആമ്പലുകൾ മിഴിപൂട്ടിയുറങ്ങുകയും
ഇളം വെയിലിൽ കൂടി താമരകൾ വാടുകയും ചെയ്യവെ
വണ്ടുകൾ ഇതളുകളെ നിരാശയോടെ മുറിവേൽ‌പ്പിക്കുന്നു.

എന്റെ ആരാമത്തിലെ ഈറനണിഞ്ഞ പച്ചപ്പുല്ലിൽ
നാണം കെട്ട് കിടന്നിരുന്ന കവിതയുടെ
നഗ്നമായ ശരീരത്തിൽ നിന്നും
സുഗന്ധവും നനവും നഷ്ടപ്പെടുന്നു.

കുയിലുകൾ വരണ്ട തൊണ്ടയിൽ നിന്നും രാഗം കണ്ടെത്താൻ ശ്രമിച്ച്
നിലവിളിയിലേക്ക് വീണ് നിലവിളിക്കുന്നു.

ഞാനെന്റ അന്തപുരത്തിലെ പട്ട് മെത്തയിൽ പട്ട് കിടക്കവെ
പുറത്തെവിടെയൊക്കെയോ പാൽച്ചിരികളിൽ നിന്നും,
അപ്രതീക്ഷിതമായൊരു രക്തവർഷം പൊഴിച്ച്
പുതിയ പുതിയ ആരമങ്ങൾ പൊടിച്ചുയരുന്നു.

പഴയ കവിതകളും കഥകളും അലമാരയിൽ നിന്നും എടുത്ത്
ഉടഞ്ഞു കൊണ്ടേയിരിക്കുന്ന മാറിലണയ്ക്കവെ
മരവിച്ചതിൽ നിന്നും ഒരു മുത്ത് കണ്ടെടുക്കുന്നു
ഒരു തുള്ളി കണ്ണുനീരിന്റെ വ്യർത്ഥമായ തിളക്കം.

Wednesday, September 29, 2010

പലകാലക്കൊതികൾ


പത്തു വയസ്സാരുന്ന കാലം
ഒരു രാജകുമാരിയാവനാണ് കൊതിച്ചിരുന്നത്.
അയൽ ദേശത്തെ രാജകുമാരനെയാണ് കിനാവു കണ്ടിരുന്നത്.
രാത്രിയിൽ ശരീരം നിറയെ രോമങ്ങളുള്ള രാക്ഷസനെയാണ് ഭയന്നിരുന്നത്.

ഇരുപതു വയസ്സാരുന്ന കാലം
ഒരു മദാലസയാവനാണ് കൊതിച്ചിരുന്നത്.
ഒന്നിലധികം പുരുഷന്മാരോടൊപ്പം വീഞ്ഞു നുകരുന്നതായിരുന്നു കിനാവ് കണ്ടിരുന്നത്.
പൊക്കിളിനു താഴെ തുടങ്ങി മുട്ടിനുമുകളിൽ അവസാനിക്കുന്ന പവാടയണിയാനായിരുന്നു ആശ.

മുപ്പത് വയസ്സാരുന്ന കാലം
നായയെ മടിയിലിരുത്തി വീസീയാറിൽ സിനിമ കാണുന്ന കൊച്ചമ്മയാവാനാണ് കൊതിച്ചിരുന്നത്.
നട്ടുച്ചയ്ക്ക് വെറുതെ കിടന്നുറങ്ങുന്നവളാകാനായിരുന്നു ഇഷ്ടം.
സന്ധ്യ കഴിഞ്ഞാൽ കഠാരയുമായ് കടന്ന് വരുന്ന കള്ളന്മാരെയാണ് പ്രതീക്ഷിച്ചിരുന്നത്.

നാല്പത് വയസ്സാകുന്ന കാലം
ഒരു മിടുക്കൻ ആൺകുട്ടിയുടെ അമ്മയാകാനാണ് കൊതിക്കുന്നത്.
നല്ല പോലെ മസാല ചേർത്ത കോഴിക്കറിയുണ്ടാക്കാനാണ് അടുക്കളയിൽ വച്ച് തോന്നുക.
മദ്യപാനം അവസാനിപ്പിച്ച ഒരു ഭർത്താവിന്റെയൊപ്പം വെറുതെ സംസാരിച്ച് കിടക്കാനാണ് പത്ത് മണി കഴിയുമ്പോൾ പൂതി.

അമ്പത് വയസ്സാകുന്ന കാലം
എന്തായിരിക്കും എന്റെ കൊതിയെന്ന് ഓർക്കുമ്പോൾ
എനിക്ക് ജിജ്ഞാസയും,
ഈ കൊതികളെല്ലാം എന്റെ മനസിൽ മൊട്ടിട്ടവയെന്ന് വിശ്വസിക്കുവാനുള്ള അത്യാഗ്രഹവും,
കൊതികളില്ലാത്ത കാലമുണ്ടാവും എന്ന ഭയവും,
സഹിക്കാനാവുന്നില്ല.

Monday, June 15, 2009

പൂജ്യം

എന്റെ പാദസരങ്ങൾ കിലുങ്ങിയപ്പോൾ
വീടിന്റെ അടിത്തറ ഇളകിത്തുടങ്ങി

എന്റെ കുങ്കുമക്കുറിയുടെ തിളക്കത്തിൽ
ചന്ദനച്ചായം തേച്ച ഭിത്തികൾ ഉരുകി

ഞാൻ ചിറകടിച്ചുയർന്നപ്പോൾ
ആകാശം നീലധൂളിയായ് തൂവി

എനിക്ക് നിൽക്കുവാൻ ഭൂമിയില്ല
എനിക്ക് ശ്വസിക്കുവാൻ വായുവില്ല
എന്റെ ഉന്മാദങ്ങൾക്ക് അടിവസ്ത്രങ്ങളില്ല
എന്റെ കിനാവുകൾക്ക് അതിരുകളില്ല

ഞാനൊരു കളവു പറഞ്ഞു
അതിനു മുകളിലാരൊക്കെയോ പന്നിമലർത്തി
അതിനു മുകളിലാരൊക്കെയോ ഭോഗിച്ചൂ
അതിനു മുകളിൽ ആകാശങ്ങളിൽ ഞാനൊരു നക്ഷത്രമായി

ഞനൊരു കളവാണ്
കളവിനു ഗുണം ഘനമാണ്
ഞാനൊരു ശലഭം
എനിക്ക് വയ്യ...

എന്റെ കളുവുകളുടെ മാളികയിൽ നിന്നും പോവുകയാണ്
എന്റെ സാധാരണതയിലേക്ക് മടങ്ങുകയാണ്
പൂജ്യത്തിൽ നിന്നും പൂജ്യമെടുത്താൽ പൂജ്യം തന്നെ

ആരോടും നന്ദിയില്ല
സ്നേഹം മാത്രം

ഇതെന്റെ കല്ലറയുടെ മുകളിൽ ഞാനെഴുതുന്ന കവിത

പോകുന്നു...തിരികെവരും ഒരുനാൾ...

Thursday, May 28, 2009

കൈലമേലക്കാവിലൊരു മൂര്‍ത്തി

പുനരുദ്ധാരണം കഴിഞ്ഞ
കൈലമേലക്കാവില്‍
ഞാനുമെന്റെ കൊച്ചും കൂടെ ഒന്നു പോയി...
അവിടുന്നുള്ള ബഹളങ്ങള്‍ കേട്ട് കേട്ട് ഔത്സിക്യം
സഹിക്കാതെ പോയതാ...
(അഖണ്ഡനാമജപം...അന്നദാനം...ദീപകാഴ്ച്ച...)

കുറേ കാലമായി ഒന്നു തൊഴാന്‍ ചെന്നിട്ട്,
മൂര്‍ത്തി മറന്നുകാണുമെന്നാ കരുതിയേ...

ഒന്നുമോര്‍ക്കാതെ വെറുതെയങ്ങ് തൊഴുത് നില്‍ക്കുമ്പോള്‍
മൂര്‍ത്തിയാണ് സംസാരം തുടങ്ങിയത്...

“എന്താ കൊച്ചെ ഒരു മിണ്ടാട്ടമില്ലാത്തെ...“

“അയ്യോ, എന്തോ”

“ഡീ! പണ്ട് നിന്നെ ഞാന്‍ ഒരുപാട് പരീക്ഷകളൊക്കെ ജയിപ്പിച്ചിട്ടില്ലിയോ, അതിന്റെ യൊരു മട്ടെങ്കിലും കാണിക്കന്നെ”

“അയ്യോ അങ്ങനെ പറഞ്ഞാല് വിഷമമാണേ”

“വെഷമം! എന്തോന്ന് വെഷമം...
പിന്നെ നീയങ്ങ് തോല്‍ക്കാന്‍ മേണ്ടി തന്നെ പരീക്ഷകള്‍ എഴുതി തൊടങ്ങി...
അല്ലിയോ...”

ഞാനൊന്നും പറയാന്‍പോയില്ല.

“അതൊക്കെപ്പോട്ടെ...എല്ലാരുമങ്ങനൊക്കെ തന്നെ...,
(എന്റെ കൊച്ചിനെ നോക്കി)
നല്ല കൊച്ച്, നീയ്യും പണ്ടിതു പൊലൊക്കെ തന്നെയായിരുന്നു,
നിന്റെ പല്ലിച്ചിരികൂടി പൊങ്ങിയാരുന്നല്ലിയോ...
ആട്ടെ അങ്ങേരെവിടേ ?“

“ജോലിസ്ഥലത്തല്ലിയോ”

“ഓ...
വീട്ടില്‍ എല്ലാരും നന്നായിരിക്കട്ടെ...“

“താങ്ക്സ്‌...”

“താങ്ക്സോ...
ത്ഭൂ...
ആളെ വലിപ്പിക്കുന്നോ!
ഹഹ്ഹ...
തറുതല ഉണ്ടിപ്പളുമല്ലിയോ...
തല്ല് കിട്ടാഴിക!
ഒരു വെള്ളിരൂപ കണിക്ക ഇട്ടേരെ...“

“ഓ”

“പിന്നെ, പറ, എങ്ങനെ ഉണ്ടെന്റെ പുതിയ ‘സെറ്റപ്പ്’...”

“ആ പിന്നെ കൊള്ളാം, ഒരെടുപ്പൊക്കെ വന്ന്,
നേരത്തെയങ്ങ് അലങ്കോലമായി കെടക്കുവല്ലാരുന്നോ... "
(ഞാന്‍ വേറുതെ മര്യാദക്കാരിയായി സംസരിച്ചതാ)

“ആ...എന്നാലും... പഴേതാരുന്നല്ലിയോ നല്ലത്“

(ഞാനും അങ്ങാനെതന്നെ വിചാരിക്കുവാരുന്നു)

“ദാണ്ടെ മേല്‍കൂരയൊക്കെ കെട്ടി വെച്ച്...ശ്വാസം മുട്ടുന്നു...“

(നേരത്തെ ആകാശം മേല്‍ക്കൂര, മഴ അഭിഷേകം എന്നാരുന്ന്)

“അന്നു വല്ലപ്പോഴും ആരേലും ഒരു തിരി വെക്കും അത്രതന്നെ!
ഇതിപ്പൊ ഒരു മാതിരി വേവ്, എത്ര വിളക്കാ...
പിന്നെ സഹിക്കാത്തത്...
യെവന്മാരൊക്കെ സംസ്കൃതത്തിലല്ലെ മൊഴിയൂ...ത്ഭൂ...“

(ഞാനൊക്കെ പച്ചമലയാളത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പച്ചവെള്ളമ്പോലത്തെ ഫലമല്ലാരുന്നോ)

“നമ്മളേ ഈ നാടിന്റെ മൂറ്തിയാ...
അല്ലിയോടി, മലയാളത്തില്‍ പാറഞ്ഞാ എന്താ കേക്കാതിരിക്കാന്‍ ?പൊട്ടനാണോ ?
അയ്യടാ!
നിന്നെയൊക്കെ പരീക്ഷയൊക്കെ വെറുതയല്ലിയോ പാസ്സാക്കിച്ചോണ്ടിരുന്നത്....
പിള്ളാരുടെയൊക്കെ പനിയ്ക്ക് ഒരു കര്‍പ്പൂരത്തിരി...
ഇതിപ്പോ എല്ലാത്തിനും രശീതി വേണം...
കള്ളകഴുവേറി കണിയാന്റെ ദേവപ്രശനം...“

കുറച്ച് നേരം മിണ്ടാതിരിന്ന്.
ഞാന്‍ വിചാരിച്ച് നിര്‍ത്തികാണുമെന്ന്.
എന്നാ പിന്നേം തൊടങ്ങി...

“ഏറ്റവും ദണ്ണമതല്ല
ആ മാവില്ലിയൊ, കിഴക്കേപ്പറത്തൊണ്ടാരുന്നത്, മൂവാണ്ടന്‍...
അതുമീ പക്തന്മാരങ്ങ് വെട്ടി
എത്രാരുന്നതില്‍ മാങ്ങ, അണ്ണാന്മാരും കിളികളും...കഷ്ടം!“

ഒരു നെടുവീര്‍പ്പിട്ടുമെച്ച് വെരുതെ നോക്കിയിരുപ്പായി,
എനിക്കുമൊരു വല്ലായ്മ തോന്നി,
എനിക്കുമെന്തോ ചേതം വന്ന പോലെ!

ഇത്തിരി ചമ്മലോടെ പുള്ളി ഇങ്ങനെയൊക്കെ കൂടി പറഞ്ഞു.

“ഇപ്പോ യിതു കൊള്ളാം, നല്ല മൂറ്ത്തി...
ഞാനെന്റെ വെഷമം പറഞ്ഞ് നിന്നെ ഒരുമാതിരിയാക്കിയല്ലിയോ...
കലികാലവൈഭവം...
പൊക്കോ പൊക്കോ”

“ഉം”

ഒരു ദൈവത്തിന്റെ അവസ്ഥ,
ആഹ് ചിരിക്കണോ തേങ്ങണോ...
സീരിയല്‍ തൊടങ്ങാറായി...
ഏഴുമണി!

ഒരു വെള്ളിത്തുട്ടുമിട്ട്
ഒന്നുമെ പാറയാതെ പോരുമ്പോ
കൊച്ച് പറയുവാ

“കാവങ്ങ് അടിപൊളിയായല്ലിയൊ...”

ഞാനൊന്നും മിണ്ടാന്‍ പോയില്ലാ
ഈ പിള്ളാരെ പൂട്ടിയിട്ടല്ലിയോ വളര്‍ത്തിയേ
നമ്മുടെയൊക്കെ കൊഴപ്പം കൊണ്ട് തന്നാ
ആ കാവിലെ മൂവണ്ടനൊന്നും ഇവറ്റകള്‍ തിന്നിട്ടില്ല...