എന്റെ പാദസരങ്ങൾ കിലുങ്ങിയപ്പോൾ
വീടിന്റെ അടിത്തറ ഇളകിത്തുടങ്ങി
എന്റെ കുങ്കുമക്കുറിയുടെ തിളക്കത്തിൽ
ചന്ദനച്ചായം തേച്ച ഭിത്തികൾ ഉരുകി
ഞാൻ ചിറകടിച്ചുയർന്നപ്പോൾ
ആകാശം നീലധൂളിയായ് തൂവി
എനിക്ക് നിൽക്കുവാൻ ഭൂമിയില്ല
എനിക്ക് ശ്വസിക്കുവാൻ വായുവില്ല
എന്റെ ഉന്മാദങ്ങൾക്ക് അടിവസ്ത്രങ്ങളില്ല
എന്റെ കിനാവുകൾക്ക് അതിരുകളില്ല
ഞാനൊരു കളവു പറഞ്ഞു
അതിനു മുകളിലാരൊക്കെയോ പന്നിമലർത്തി
അതിനു മുകളിലാരൊക്കെയോ ഭോഗിച്ചൂ
അതിനു മുകളിൽ ആകാശങ്ങളിൽ ഞാനൊരു നക്ഷത്രമായി
ഞനൊരു കളവാണ്
കളവിനു ഗുണം ഘനമാണ്
ഞാനൊരു ശലഭം
എനിക്ക് വയ്യ...
എന്റെ കളുവുകളുടെ മാളികയിൽ നിന്നും പോവുകയാണ്
എന്റെ സാധാരണതയിലേക്ക് മടങ്ങുകയാണ്
പൂജ്യത്തിൽ നിന്നും പൂജ്യമെടുത്താൽ പൂജ്യം തന്നെ
ആരോടും നന്ദിയില്ല
സ്നേഹം മാത്രം
ഇതെന്റെ കല്ലറയുടെ മുകളിൽ ഞാനെഴുതുന്ന കവിത
പോകുന്നു...തിരികെവരും ഒരുനാൾ...
Monday, June 15, 2009
Thursday, May 28, 2009
കൈലമേലക്കാവിലൊരു മൂര്‍ത്തി

കൈലമേലക്കാവില്
ഞാനുമെന്റെ കൊച്ചും കൂടെ ഒന്നു പോയി...
അവിടുന്നുള്ള ബഹളങ്ങള്‍ കേട്ട് കേട്ട് ഔത്സിക്യം
സഹിക്കാതെ പോയതാ...
(അഖണ്ഡനാമജപം...അന്നദാനം...ദീപകാഴ്ച്ച...)
കുറേ കാലമായി ഒന്നു തൊഴാന്‍ ചെന്നിട്ട്,
മൂര്‍ത്തി മറന്നുകാണുമെന്നാ കരുതിയേ...
ഒന്നുമോര്‍ക്കാതെ വെറുതെയങ്ങ് തൊഴുത് നില്ക്കുമ്പോള്
മൂര്‍ത്തിയാണ് സംസാരം തുടങ്ങിയത്...
“എന്താ കൊച്ചെ ഒരു മിണ്ടാട്ടമില്ലാത്തെ...“
“അയ്യോ, എന്തോ”
“ഡീ! പണ്ട് നിന്നെ ഞാന്‍ ഒരുപാട് പരീക്ഷകളൊക്കെ ജയിപ്പിച്ചിട്ടില്ലിയോ, അതിന്റെ യൊരു മട്ടെങ്കിലും കാണിക്കന്നെ”
“അയ്യോ അങ്ങനെ പറഞ്ഞാല്‍ വിഷമമാണേ”
“വെഷമം! എന്തോന്ന് വെഷമം...
പിന്നെ നീയങ്ങ് തോല്ക്കാന് മേണ്ടി തന്നെ പരീക്ഷകള്‍ എഴുതി തൊടങ്ങി...
അല്ലിയോ...”
ഞാനൊന്നും പറയാന്‍പോയില്ല.
“അതൊക്കെപ്പോട്ടെ...എല്ലാരുമങ്ങനൊക്കെ തന്നെ...,
(എന്റെ കൊച്ചിനെ നോക്കി)
നല്ല കൊച്ച്, നീയ്യും പണ്ടിതു പൊലൊക്കെ തന്നെയായിരുന്നു,
നിന്റെ പല്ലിച്ചിരികൂടി പൊങ്ങിയാരുന്നല്ലിയോ...
ആട്ടെ അങ്ങേരെവിടേ ?“
“ജോലിസ്ഥലത്തല്ലിയോ”
“ഓ...
വീട്ടില്‍ എല്ലാരും നന്നായിരിക്കട്ടെ...“
“താങ്ക്സ്...”
“താങ്ക്സോ...
ത്ഭൂ...
ആളെ വലിപ്പിക്കുന്നോ!
ഹഹ്ഹ...
തറുതല ഉണ്ടിപ്പളുമല്ലിയോ...
തല്ല് കിട്ടാഴിക!
ഒരു വെള്ളിരൂപ കണിക്ക ഇട്ടേരെ...“
“ഓ”
“പിന്നെ, പറ, എങ്ങനെ ഉണ്ടെന്റെ പുതിയ ‘സെറ്റപ്പ്’...”
“ആ പിന്നെ കൊള്ളാം, ഒരെടുപ്പൊക്കെ വന്ന്,
നേരത്തെയങ്ങ് അലങ്കോലമായി കെടക്കുവല്ലാരുന്നോ... "
(ഞാന്‍ വേറുതെ മര്യാദക്കാരിയായി സംസരിച്ചതാ)
“ആ...എന്നാലും... പഴേതാരുന്നല്ലിയോ നല്ലത്“
(ഞാനും അങ്ങാനെതന്നെ വിചാരിക്കുവാരുന്നു)
“ദാണ്ടെ മേല്കൂരയൊക്കെ കെട്ടി വെച്ച്...ശ്വാസം മുട്ടുന്നു...“
(നേരത്തെ ആകാശം മേല്‍ക്കൂര, മഴ അഭിഷേകം എന്നാരുന്ന്)
“അന്നു വല്ലപ്പോഴും ആരേലും ഒരു തിരി വെക്കും അത്രതന്നെ!
ഇതിപ്പൊ ഒരു മാതിരി വേവ്, എത്ര വിളക്കാ...
പിന്നെ സഹിക്കാത്തത്...
യെവന്മാരൊക്കെ സംസ്കൃതത്തിലല്ലെ മൊഴിയൂ...ത്ഭൂ...“
(ഞാനൊക്കെ പച്ചമലയാളത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പച്ചവെള്ളമ്പോലത്തെ ഫലമല്ലാരുന്നോ)
“നമ്മളേ ഈ നാടിന്റെ മൂറ്തിയാ...
അല്ലിയോടി, മലയാളത്തില്‍ പാറഞ്ഞാ എന്താ കേക്കാതിരിക്കാന്‍ ?പൊട്ടനാണോ ?
അയ്യടാ!
നിന്നെയൊക്കെ പരീക്ഷയൊക്കെ വെറുതയല്ലിയോ പാസ്സാക്കിച്ചോണ്ടിരുന്നത്....
പിള്ളാരുടെയൊക്കെ പനിയ്ക്ക് ഒരു കര്‍പ്പൂരത്തിരി...
ഇതിപ്പോ എല്ലാത്തിനും രശീതി വേണം...
കള്ളകഴുവേറി കണിയാന്റെ ദേവപ്രശനം...“
കുറച്ച് നേരം മിണ്ടാതിരിന്ന്.
ഞാന്‍ വിചാരിച്ച് നിര്ത്തികാണുമെന്ന്.
എന്നാ പിന്നേം തൊടങ്ങി...
“ഏറ്റവും ദണ്ണമതല്ല
ആ മാവില്ലിയൊ, കിഴക്കേപ്പറത്തൊണ്ടാരുന്നത്, മൂവാണ്ടന്‍...
അതുമീ പക്തന്മാരങ്ങ് വെട്ടി
എത്രാരുന്നതില് മാങ്ങ, അണ്ണാന്മാരും കിളികളും...കഷ്ടം!“
ഒരു നെടുവീര്പ്പിട്ടുമെച്ച് വെരുതെ നോക്കിയിരുപ്പായി,
എനിക്കുമൊരു വല്ലായ്മ തോന്നി,
എനിക്കുമെന്തോ ചേതം വന്ന പോലെ!
ഇത്തിരി ചമ്മലോടെ പുള്ളി ഇങ്ങനെയൊക്കെ കൂടി പറഞ്ഞു.
“ഇപ്പോ യിതു കൊള്ളാം, നല്ല മൂറ്ത്തി...
ഞാനെന്റെ വെഷമം പറഞ്ഞ് നിന്നെ ഒരുമാതിരിയാക്കിയല്ലിയോ...
കലികാലവൈഭവം...
പൊക്കോ പൊക്കോ”
“ഉം”
ഒരു ദൈവത്തിന്റെ അവസ്ഥ,
ആഹ് ചിരിക്കണോ തേങ്ങണോ...
സീരിയല്‍ തൊടങ്ങാറായി...
ഏഴുമണി!
ഒരു വെള്ളിത്തുട്ടുമിട്ട്
ഒന്നുമെ പാറയാതെ പോരുമ്പോ
കൊച്ച് പറയുവാ
“കാവങ്ങ് അടിപൊളിയായല്ലിയൊ...”
ഞാനൊന്നും മിണ്ടാന്‍ പോയില്ലാ
ഈ പിള്ളാരെ പൂട്ടിയിട്ടല്ലിയോ വളര്‍ത്തിയേ
നമ്മുടെയൊക്കെ കൊഴപ്പം കൊണ്ട് തന്നാ
ആ കാവിലെ മൂവണ്ടനൊന്നും ഇവറ്റകള് തിന്നിട്ടില്ല...
Saturday, March 21, 2009
പാഠ്യപദ്ധതി

എന്റെ സാരി എരിയുന്നാതയ് കണ്ടു
പുള്ളിക്കാരന് ഒരുപള്ളികൂടംകുട്ടിയേപ്പോലെ
ചിരിക്കുന്നതായും കണ്ടു
ഉച്ചരിക്കപെടാത്ത വക്കുകള്‍
ഉള്‍ക്കൊള്ളുവാന്‍ പഠിക്കവെ
കാലം മൂളും പറുദീസാപാട്ടുകള്‍ കേട്ടു
നിരര്‍ത്ഥതകളില്‍ മന്ദാരങ്ങള്‍ വിടര്‍ന്നു
സന്തോഷങ്ങള്‍ക്കൊപ്പം ദുഖങ്ങളേയും
സ്നേഹിക്കുവാന്‍ പഠിക്കവെ
ചിരികളുടേയും കണ്ണീര്‍ത്തുള്ളികളുടെയും കടക്കാരിയായി
എത്ര ഭീമമായ പലിശനിരക്കുകള്‍
പുള്ളിക്കരന് ഇഷ്ടമുള്ള മീന്കൂട്ടാന്
വയ്ക്കുവാന്‍ പഠിയ്ക്കവേ
എന്റെ ഇഷ്ടാനിഷ്ടങ്ങളുടെ
ഉപ്പെങ്ങനെ ചേര്‍ക്കണം എന്നുമറിഞ്ഞു....
ഇങ്ങനെ പലതും പഠിയ്ക്കവെ
എങ്ങനെ പഠിയ്ക്കണം എന്ന് പഠിച്ചൂ
ജീവിതത്തെ എങ്ങനെ പഠിയ്ക്കണം എന്ന്
സ്നേഹത്തെ എങ്ങനെ പഠിയ്ക്കണം എന്ന്
Friday, January 30, 2009
ഇരട്ടവാലന്മാരെത്താതിടങ്ങള്‍...
ചോരനിറമുണ്ടായിരുന്നത്,
ഇരട്ടവാലന്മാര്‍ ഭക്ഷിക്കുന്നു...
എന്റെ സ്മരണകള്‍ ഒരുതരി പൊടിപോലും പുരളാതെ...
2.അച്ഛന്, എല്ലാവരേയും ചിരിച്ച് സ്വീകരിക്കുന്നു...
അമ്മ, എല്ലാവരേയും ചിരിച്ച് സ്വീകരിക്കുന്നു...
അനിയന്, എല്ലാവരേയും ചിരിച്ച് സ്വീകരിക്കുന്നു...
എല്ലാവരും, ചിരിച്ചുകൊണ്ട് കടന്നുവരുന്നു,
പച്ച നിറമുള്ള സ്റ്റീല്‍ കസേരകളില്‍ ഇരിക്കുന്നു.
ലുബ്ധിച്ച്, ലുബ്ധിച്ച് ക്യാമറയുടെ മിന്നല്പിണരുകള്...
ക്യമറയെ നോക്കി എല്ലാവരും ചിരിക്കുന്നു
ഈര്‍ക്കിലില്‍ കോര്‍ത്തിട്ട പപ്പടങ്ങള്‍ പൊള്ളികുടിര്‍ന്ന് സുഗന്ധമായി...
കാച്ചി കാച്ചിയിരിക്കെ മുരളിയണ്ണന്റെ കയ്യില്‍ എണ്ണതെറിച്ചൊരു “അയ്യക്കാവോ”...
കാര്യമായൊന്നും പറ്റിയില്ല എന്ന് കണ്ട് എല്ലാവരും ചിരിക്കുന്നു, മുരളിയണ്ണനും.
എന്നെ ഒരുക്കുന്ന പെണ്ണുങ്ങള് കുണുങ്ങികുണുങ്ങി ചിരിക്കുന്നു,
വളകള്‍ ചിരിക്കുന്നു...പാദസരങ്ങളും
ആദ്യമായി സാരിയുടുത്ത ബീന എല്ലാവരെയും “മുന്താണി...ഒന്നു കുത്തി താ....ദാ പോയി...” എന്നൊക്കെ പറഞ്ഞ് ചിരിപ്പിച്ചു, അവളും ചിരിച്ചൂ...
എന്റെ അനിയന് അവളെ നോക്കി പ്രത്യേകം ചിരിക്കുന്നതും കണ്ടു...
ഒരു വെളുത്തുതുടുത്ത കുട്ടി പന്തലില്‍ വലിച്ച് കെട്ടിയിരിക്കുന്ന വെള്ളമുണ്ടില് നിന്നും മൊട്ടുസൂചികള്‍ അതിസൂക്ഷ്മതയോടെ വലിച്ചൂരുന്നു...
പുകയിലയുടെ ഗന്ധം...
മുല്ലപൂക്കളുടെ ഗന്ധം...
വിയര്‍പ്പിന്റെ , പൌഡറിന്റെ ഗന്ധം...
ചെറുക്കന്റെ കാലുകഴുകാന്‍ കിണ്ടി കാണാതെ ഓടുന്ന അനിയനെ ചാടിക്കുന്ന ഗോപാലനമ്മാവന്‍...
പനിനീര് തളിക്കുന്ന സന്തോഷിന്റെ സന്തോഷം...
അമ്മായി ഒരുങ്ങിയ അമ്മിണിയമ്മായിയുടെ പത്രാസ്, സന്തോഷം...
ലീലാമ്മായിയുടെ കുശുമ്പ്, സന്തോഷം...
താലികെട്ടിയപ്പോള്‍ വിറയ്ക്കാതിരുന്ന സ്വര്‍ണ്ണവാച്ച് കെട്ടിയ നീളന്‍ കയ്യുകള്‍...
നാദസ്വരത്തിലൂടെ ഒഴുകിവന്ന ഉമിനീര് കണ്ട് ചിരിച്ച ഭംഗിയുള്ള ചുണ്ടുകള്‍...
ഒപ്പിടാന്‍ നീട്ടിയ കറുത്ത പാര്‍ക്കര്‍, നീലമഷി നിറച്ചത്...
പായസത്തിനു മധുരം പോരാ എന്ന് പേരമ്മ കേള്‍ക്കുമെന്നോര്‍കാതെ ഉച്ചത്തില്‍ വിശ്വങ്കൊച്ചച്ചന്‍...
“ഇവിടെന്താ... അവിടെന്താ...”അച്ഛന് ചിരിച്ച് തളര്‍ന്ന് ഹാജരെടുക്കുന്നു...
പച്ചടിയില്‍ നിന്നുമൊരു പൂച്ചിയെ കിട്ടിയപ്പോള്‍ അതൊളിപ്പിക്കാന്‍ ഞാന്‍ പെട്ട പാട്...
അമ്മയും അമ്മായിമാരും അയലത്തെ പെണ്‍പിള്ളേരുമൊക്കെയും കരഞ്ഞപ്പോഴും കരായാതിരുന്ന ഞാന്‍...
3.നീണ്ടകരപാലത്തിനു പടിഞ്ഞാറ് സൂര്യാസ്തമനം കാട്ടി ചിരിക്കുന്ന കുഞ്ഞുനാത്തൂന്‍...
ഈ.എം.എസ്സിനെ പറ്റി പറഞ്ഞ് തീ പിടിക്കുന്ന ഡ്രൈവര്‍...
അന്യഗ്രഹജീവിയെ വീക്ഷിക്കുന്ന കൌതുകത്തോടെ എന്നെ ചികഞ്ഞ പുതിയ അയല്‍ക്കാരുടെ ചിരികള്‍, വക്രചിന്താശകലങ്ങള്‍...
പുതിയൊരമ്മയുടെ അമ്മിഞ്ഞപ്പാല്‍ച്ചിരികള്‍...
പരിചയപെടുന്നവരുടെ ആവര്‍ത്തനവിരസമായ ആശംസകളില്‍ ചിരിച്ച് ചിരിച്ച് തളര്‍ന്ന ഞങ്ങള്‍...
പുള്ളിക്കാരന്റെ ഒരു കൂട്ടുകാരന്, രഘുവിന്റെ അസഹനീയമായ തമാശകള്‍...
മദ്യത്തിന്റെ നേര്‍ത്ത ഗന്ധം...
4.രാവില്‍ അപരിചിതമായ ഒരു മുറിയില്‍
പാനസോണിക്കിന്റെ ടേപ്പില്‍ നിന്നും
“ഹൃദയസരസിലെ...” പാടും യേശുദാസും
ഏറ്റ് പാടുന്ന പുള്ളിക്കാരനും
കേട്ട് കേട്ട് ഉറങ്ങാതിരുന്ന ഞാനും...
Subscribe to:
Posts (Atom)