Thursday, December 22, 2011

അവർത്തന വിരസമല്ലാത്ത ചില വിരുന്നുകൾ


മത്തി വറുക്കുന്ന മണമുള്ള ഒരു പഴയ ഉച്ച

ഉച്ചവെയിലിലും വാടാതെ അവർ വന്നു
പെണ്ണും ചെക്കനും

വിരുന്നിനു വന്നവരെ കളിയാക്കുവാൻ
വാക്കുകൾ അലോചിച്ച് ഞാൻ അടുക്കളയിൽ നിന്നും ഓടി ചെന്നു

അവൾ കുഞ്ഞമ്മേന്ന് വിളിച്ച് കെട്ടിപിടിച്ചു
ഒന്നും പറയാതെ കുറച്ച് ചിരിച്ച് അവൾ കവിൾ ചുവപ്പിച്ചു
അവന്റെ ചിരി നിറച്ചും ആ ചുവപ്പിന്റെ വെളിച്ചമാരുന്നു

അവൾ അവന് മീന്റെ മുള്ളടർത്തി കൊടുത്തു
എന്റെ കൊച്ച് അവരെ കളിയാക്കി ചിരിച്ചൂ

ഉച്ചയുറക്കം കഴിഞ്ഞിട്ട് വൈകുന്നേരം പോകുമ്പോൾ
അവർ വീട്ടിൽ ഉത്സാഹം നിറച്ചിരുന്നു

കൊച്ച് അവന്റെ തോളേന്ന് ഇറങ്ങാൻ മടിച്ചു
അവൾ കൊച്ചിനെ അസൂയയോടെ നോക്കി
എനിക്ക് പേടി തോന്നി കൊച്ചിനെ ഒരു നുള്ള് കൊടുത്തിറക്കി നിർത്തി
അവർ ഓട്ടോയിൽ കയറിപ്പോയി

ഇന്നലെ
ഉച്ച
അയലത്തെ വീട്ടിൽ മത്തി വറുക്കുന്ന മണം
തോളിലും വിരലിലുമായ് രണ്ടു കൊച്ചുങ്ങളെ കൊണ്ടവർ വന്നു
മൂത്തത് പെണ്ണ്
എളയത് ആണ്

കൊച്ചുങ്ങളെ കളിയാക്കാൻ വാക്കുകൾ ആലോചിച്ച്
ഞാൻ കിടപ്പ് മുറിയിൽ നിന്നും ഓടി ചെന്നു

അവർ അമ്മൂമ്മേന്ന് വിളിച്ച് കെട്ടിപിടിച്ചു
ഒന്നും പറയാതെ കുറച്ച് ചിരിച്ച് അവർ കവിൾ ചുവപ്പിച്ചു
അവന്റെയും അവളുടെയും ചിരി നിറച്ചും ആ ചുവപ്പിന്റെ വെളിച്ചമാരുന്നു

അവൾ കൊച്ചുങ്ങൾക്ക് മീന്റെ മുള്ളടർത്തി കൊടുത്തു
എന്റെ കൊച്ച് ആ കൊച്ചുങ്ങളെ കളിയാക്കി

ഉച്ചയുറക്കം കഴിഞ്ഞിട്ട് വൈകുന്നേരം പോകുമ്പോൾ
അവർ വീട്ടിൽ ഉത്സാഹം നിറച്ചിരുന്നു

കൊച്ചുങ്ങൾ വീട്ടിൽ നിന്നും ഇറങ്ങാൻ മടിച്ചു
അവൾ വീടിനെ അസൂയയോടെ നോക്കി
അവൾ കൊച്ചുങ്ങളെ നുള്ളുന്നതിനു മുന്നെ അവരെ പൊക്കിയെടുത്ത്
ഗേറ്റിനു പുറത്തെത്തിച്ച്
ഒരോ ഉമ്മകളും
കുറെ റ്റാറ്റകളും കൊടുത്തു.

അവർ കാറിൽ കയറി പോയി

Monday, May 30, 2011

ജ്യോതിലക്ഷ്മി ഒരു ഗൾഫ്കാരന്റെ ഭാര്യ


വലിയ പൂ ഉണ്ടാകുന്ന ഒരു സസ്യമാണവൾ.
വസന്തകാലത്ത് അവൾ ഭാരം കൊണ്ട് കുനിയുന്നു.

ബാക്കിയേല്ലാ കാലത്തും തന്റേടിയായ് തല ഉയർത്തിയങ്ങനെ നിൽക്കും.
മഴ നനച്ചാലും
കാറ്റടിച്ചാലും
വെയിലുണക്കിയാലും....

വസന്തകാലങ്ങൾക്കായവൾ കാത്തിരിക്കുന്നു.
കുനിഞ്ഞു നിൽക്കാൻ കൊതിക്കുന്നു.