Wednesday, September 29, 2010

പലകാലക്കൊതികൾ


പത്തു വയസ്സാരുന്ന കാലം
ഒരു രാജകുമാരിയാവനാണ് കൊതിച്ചിരുന്നത്.
അയൽ ദേശത്തെ രാജകുമാരനെയാണ് കിനാവു കണ്ടിരുന്നത്.
രാത്രിയിൽ ശരീരം നിറയെ രോമങ്ങളുള്ള രാക്ഷസനെയാണ് ഭയന്നിരുന്നത്.

ഇരുപതു വയസ്സാരുന്ന കാലം
ഒരു മദാലസയാവനാണ് കൊതിച്ചിരുന്നത്.
ഒന്നിലധികം പുരുഷന്മാരോടൊപ്പം വീഞ്ഞു നുകരുന്നതായിരുന്നു കിനാവ് കണ്ടിരുന്നത്.
പൊക്കിളിനു താഴെ തുടങ്ങി മുട്ടിനുമുകളിൽ അവസാനിക്കുന്ന പവാടയണിയാനായിരുന്നു ആശ.

മുപ്പത് വയസ്സാരുന്ന കാലം
നായയെ മടിയിലിരുത്തി വീസീയാറിൽ സിനിമ കാണുന്ന കൊച്ചമ്മയാവാനാണ് കൊതിച്ചിരുന്നത്.
നട്ടുച്ചയ്ക്ക് വെറുതെ കിടന്നുറങ്ങുന്നവളാകാനായിരുന്നു ഇഷ്ടം.
സന്ധ്യ കഴിഞ്ഞാൽ കഠാരയുമായ് കടന്ന് വരുന്ന കള്ളന്മാരെയാണ് പ്രതീക്ഷിച്ചിരുന്നത്.

നാല്പത് വയസ്സാകുന്ന കാലം
ഒരു മിടുക്കൻ ആൺകുട്ടിയുടെ അമ്മയാകാനാണ് കൊതിക്കുന്നത്.
നല്ല പോലെ മസാല ചേർത്ത കോഴിക്കറിയുണ്ടാക്കാനാണ് അടുക്കളയിൽ വച്ച് തോന്നുക.
മദ്യപാനം അവസാനിപ്പിച്ച ഒരു ഭർത്താവിന്റെയൊപ്പം വെറുതെ സംസാരിച്ച് കിടക്കാനാണ് പത്ത് മണി കഴിയുമ്പോൾ പൂതി.

അമ്പത് വയസ്സാകുന്ന കാലം
എന്തായിരിക്കും എന്റെ കൊതിയെന്ന് ഓർക്കുമ്പോൾ
എനിക്ക് ജിജ്ഞാസയും,
ഈ കൊതികളെല്ലാം എന്റെ മനസിൽ മൊട്ടിട്ടവയെന്ന് വിശ്വസിക്കുവാനുള്ള അത്യാഗ്രഹവും,
കൊതികളില്ലാത്ത കാലമുണ്ടാവും എന്ന ഭയവും,
സഹിക്കാനാവുന്നില്ല.