Monday, June 15, 2009

പൂജ്യം

എന്റെ പാദസരങ്ങൾ കിലുങ്ങിയപ്പോൾ
വീടിന്റെ അടിത്തറ ഇളകിത്തുടങ്ങി

എന്റെ കുങ്കുമക്കുറിയുടെ തിളക്കത്തിൽ
ചന്ദനച്ചായം തേച്ച ഭിത്തികൾ ഉരുകി

ഞാൻ ചിറകടിച്ചുയർന്നപ്പോൾ
ആകാശം നീലധൂളിയായ് തൂവി

എനിക്ക് നിൽക്കുവാൻ ഭൂമിയില്ല
എനിക്ക് ശ്വസിക്കുവാൻ വായുവില്ല
എന്റെ ഉന്മാദങ്ങൾക്ക് അടിവസ്ത്രങ്ങളില്ല
എന്റെ കിനാവുകൾക്ക് അതിരുകളില്ല

ഞാനൊരു കളവു പറഞ്ഞു
അതിനു മുകളിലാരൊക്കെയോ പന്നിമലർത്തി
അതിനു മുകളിലാരൊക്കെയോ ഭോഗിച്ചൂ
അതിനു മുകളിൽ ആകാശങ്ങളിൽ ഞാനൊരു നക്ഷത്രമായി

ഞനൊരു കളവാണ്
കളവിനു ഗുണം ഘനമാണ്
ഞാനൊരു ശലഭം
എനിക്ക് വയ്യ...

എന്റെ കളുവുകളുടെ മാളികയിൽ നിന്നും പോവുകയാണ്
എന്റെ സാധാരണതയിലേക്ക് മടങ്ങുകയാണ്
പൂജ്യത്തിൽ നിന്നും പൂജ്യമെടുത്താൽ പൂജ്യം തന്നെ

ആരോടും നന്ദിയില്ല
സ്നേഹം മാത്രം

ഇതെന്റെ കല്ലറയുടെ മുകളിൽ ഞാനെഴുതുന്ന കവിത

പോകുന്നു...തിരികെവരും ഒരുനാൾ...