Saturday, September 13, 2008

പറയാതിരുന്ന സത്യങ്ങള്‍

ഒരു മേശവലിപ്പ് നിറയെ
പറയാതിരുന്ന സത്യങ്ങളാണ്


കാഴ്ച്ച നഷ്ടപെട്ട കണ്ണുകളെ ഓമനിക്കുന്ന അന്ധയെപോലെ
ഞാനവയെ സ്പര്‍ശിക്കുന്നു.


കനലുകള്‍ എന്നെന്നേക്കും സ്മരണയായൊരു
അടുപ്പിന്റെ തണുപ്പില്‍ അസ്വസ്ഥയാകുന്ന
കുറുഞ്ഞിയെപ്പോലെ ഹൃദയം കരയുന്നു.

ഒരിക്കലവ അറബികഥകളിലെ മന്ത്രങ്ങളാ‍യിരുന്നു
എനിക്ക് ഒരായിരം മാന്ത്രികലോകങ്ങള്‍ തുറക്കാന്‍ കഴിയുമായിരുന്നു;

എന്നാലിന്നവ തുടലുകളാണ്
എന്റെ കവിളുകളില്‍ മുലകളില്‍ തുടകളില്‍
അവ മുറിവേല്‍പ്പിക്കുന്നു.
മുറിഞ്ഞു വീഴുന്ന മാംസകഷണങ്ങള്‍
നഷ്ടങ്ങളുടെ വീഞ്ഞ്‌ഭരണിയില്‍ മുന്തിരികളാകുന്നു.


പറയാതിരുന്ന ഓരോ സത്യവും ഒരു ബാദ്ധ്യതയാണ്.
ബാദ്ധ്യതകളുടെ മുള്ളുകള്‍ ഹൃദയത്തിന്റെ മേശവലിപ്പില്‍

ആനന്ദത്തോടെ സൂക്ഷിക്കുന്ന ഞാന്‍
ഒരു മാനസികരോഗിയാണ്
രോഗത്തില്‍ ആസക്തയും

രോഗവുമൊത്തെന്റെ രാസലീലകളെ
നിലവിളി എന്നു പേരിട്ടുവിളിക്കാതിരിക്കുക.

Monday, September 8, 2008

ഒരമളി“കേട്ടോടിയെ

ഉച്ചയ്ക്ക് ഊണും കഴിഞ്ഞിട്ട്
ഇച്ചിരി പാട്ടും കേട്ട്
കിടക്കുമ്പോഴല്ലിയോ
ഒരു പയ്യന്‍ മതിലും ചാടി വന്ന്
എന്റെ ഒരു അടിപ്പാവാട അയേന്ന്
എടുത്തും വച്ച്
തിരിച്ച് മതില് ചാടിപോയെ.
ജനലിക്കൂടേ കണാന്മേലായോ
നല്ലരു തക്കിടിമുണ്ടന്‍

എനിക്കൊരു സന്തോഷം തോന്നി...
എന്നു പറഞ്ഞാല്‍ തോന്നിവാസമാണ് ...

അറിയാം,
പക്ഷെ സത്യമതായിപ്പോയി , എന്തോ ചെയ്യാ‍നാ ?

ഞാന്‍ അഹങ്കരിച്ച് നടന്നു പോയി
അധികം നടക്കുവാന്‍ ദൈവം തമ്പുരാന്‍ അനുവദിച്ചില്ല കേട്ടോ
ദൈവത്തിനു നന്ദി.

രാത്രിയില്‍
വെള്ളം കുടിക്കാന്‍ എഴുന്നേറ്റപ്പോള്‍
ഒളിച്ച് കെട്ടതാണെ,
മോളൊണ്ട് ഫോണില്‍ ആരാണ്ടോട് പറയുന്നു
“എട അതെന്റെയല്ലാരുന്നു, അമ്മേടെയാരുന്നു മണ്ടാ, അപ്പോ ബെറ്റ് പൊട്ടിയെ
എപ്പഴാ ചെലവ്.................ഇയ്യ്യ്യേ ച്ഛേ”

അഹങ്കാരത്തിന്റെ വഴിയില്‍ അധികം നടത്താതിരുന്നതിന്
ദൈവത്തിനൊരു
നന്ദി പറഞ്ഞിട്ട്
ഞനൊറ്റ അലറിച്ച

“ആരാടിയവന്‍ ?!!
നിന്റെയൊരു മൊവീല് !!!”

പെണ്ണ് വെരണ്ട് ...”

Sunday, September 7, 2008

ഒരു ജാരനുണ്ടെങ്കില്‍


നീ ഒരു പെണ്ണെങ്കില്‍

നിനക്കൊരു ജാരനുണ്ടെങ്കില്‍

അവന്‍ അമരനായിരിക്കട്ടെ

അറിയുമൊ

എന്റെ പ്രിയപ്പെട്ടവന്‍

എന്റെ ജാരന്‍

ഇന്നലെ വൈകുന്നേരം മരിച്ചു പോയി.

എന്നിട്ടോ

ഞാനെന്റെ മൃതകാമുകന്റെ വീട്ടില്‍ ചെന്നപ്പോള്‍

അവന്‍ ഏറ്റവും വെറുത്തിരുന്നവള്‍

അവന്റെ താളം നിലച്ച ചങ്കിന്‍കൂടില്‍ കിടന്ന് മോങ്ങുന്നു.

ഒന്നു നിലവിളിച്ച് കരയുവാന്‍ കൂടിയാകാതെ ഞാന്‍ !

ഞാന്‍ അനുഭവിച്ച മരവിപ്പ് !

അതുകൊണ്ട്

അനുഭവത്തിന്റെ വെളിച്ചത്തില്‍ ആശംസിക്കട്ടെ

നീ ഒരു പെണ്ണെങ്കില്‍
നിനക്കൊരു ജാരനുണ്ടെങ്കില്‍
അവന്‍ അമരനായിരിക്കട്ടെ

അല്ലെങ്കില്‍ നീ അവനു മുന്‍പെ മരിച്ചു പോകട്ടെ...