Sunday, November 21, 2010

ഉപദേശം



നിലാവിനു ലഹരിയില്ല
ഉറക്കം വന്നില്ലെങ്കിലും സ്വപ്നം കാണാതെ ഉറക്കം നടിക്കുക
രാത്രിയിൽ ജനലുകൾ അടച്ചുറങ്ങുന്നതിന് പല കാരണങ്ങൾ ഉണ്ട്

ചുരിദാറിന്റെ പ്രധാനഭാഗം അരയിൽ മുറുകുന്ന വള്ളിയാണ്
ആൺകുട്ടികളോട് സൌഹൃദത്തെ പറ്റി സംസാരിക്കുക
നെഞ്ചിലെ രോമങ്ങൾ അസഹ്യമായാൽ ചുണ്ട് കടിച്ച് പിടിക്കുക

ആത്മാർത്ഥമായ് പ്രണയിക്കുക
എപ്പോഴും അതിന്റെ തകർച്ച കിനാവു കാണുക
പരാജയപ്പെട്ടാലും ഇല്ലെങ്കിലും രക്ഷപെടാൻ അതൊരു വഴി തുറന്നിടും

എപ്പോഴും നാളെയെ പറ്റിയും നാണയങ്ങളെയും പറ്റിയും ചിന്തിക്കുക
ബാക്കി എല്ലാ ചിന്തകളേയും നാണം കൊണ്ട് മറക്കുക

പിന്നെ എല്ല്ലാം എന്നോട് തുറന്ന് പറയുക
ഞാൻ വീണ്ടും ചേതോഹരങ്ങളായ ആ കള്ളങ്ങൾ കേൾക്കട്ടെ

Monday, October 18, 2010

വിരാമം






ഓരോ പുൽക്കുടിയിലും ത്രസിച്ചിരുന്ന വാസന്തം അപ്രത്യക്ഷമാകവെ
എന്റെ ആരാമത്തിലെ അരുവിയിതാ വരളുന്നു.

നിലാവുദിച്ചിട്ടും ആമ്പലുകൾ മിഴിപൂട്ടിയുറങ്ങുകയും
ഇളം വെയിലിൽ കൂടി താമരകൾ വാടുകയും ചെയ്യവെ
വണ്ടുകൾ ഇതളുകളെ നിരാശയോടെ മുറിവേൽ‌പ്പിക്കുന്നു.

എന്റെ ആരാമത്തിലെ ഈറനണിഞ്ഞ പച്ചപ്പുല്ലിൽ
നാണം കെട്ട് കിടന്നിരുന്ന കവിതയുടെ
നഗ്നമായ ശരീരത്തിൽ നിന്നും
സുഗന്ധവും നനവും നഷ്ടപ്പെടുന്നു.

കുയിലുകൾ വരണ്ട തൊണ്ടയിൽ നിന്നും രാഗം കണ്ടെത്താൻ ശ്രമിച്ച്
നിലവിളിയിലേക്ക് വീണ് നിലവിളിക്കുന്നു.

ഞാനെന്റ അന്തപുരത്തിലെ പട്ട് മെത്തയിൽ പട്ട് കിടക്കവെ
പുറത്തെവിടെയൊക്കെയോ പാൽച്ചിരികളിൽ നിന്നും,
അപ്രതീക്ഷിതമായൊരു രക്തവർഷം പൊഴിച്ച്
പുതിയ പുതിയ ആരമങ്ങൾ പൊടിച്ചുയരുന്നു.

പഴയ കവിതകളും കഥകളും അലമാരയിൽ നിന്നും എടുത്ത്
ഉടഞ്ഞു കൊണ്ടേയിരിക്കുന്ന മാറിലണയ്ക്കവെ
മരവിച്ചതിൽ നിന്നും ഒരു മുത്ത് കണ്ടെടുക്കുന്നു
ഒരു തുള്ളി കണ്ണുനീരിന്റെ വ്യർത്ഥമായ തിളക്കം.

Wednesday, September 29, 2010

പലകാലക്കൊതികൾ


പത്തു വയസ്സാരുന്ന കാലം
ഒരു രാജകുമാരിയാവനാണ് കൊതിച്ചിരുന്നത്.
അയൽ ദേശത്തെ രാജകുമാരനെയാണ് കിനാവു കണ്ടിരുന്നത്.
രാത്രിയിൽ ശരീരം നിറയെ രോമങ്ങളുള്ള രാക്ഷസനെയാണ് ഭയന്നിരുന്നത്.

ഇരുപതു വയസ്സാരുന്ന കാലം
ഒരു മദാലസയാവനാണ് കൊതിച്ചിരുന്നത്.
ഒന്നിലധികം പുരുഷന്മാരോടൊപ്പം വീഞ്ഞു നുകരുന്നതായിരുന്നു കിനാവ് കണ്ടിരുന്നത്.
പൊക്കിളിനു താഴെ തുടങ്ങി മുട്ടിനുമുകളിൽ അവസാനിക്കുന്ന പവാടയണിയാനായിരുന്നു ആശ.

മുപ്പത് വയസ്സാരുന്ന കാലം
നായയെ മടിയിലിരുത്തി വീസീയാറിൽ സിനിമ കാണുന്ന കൊച്ചമ്മയാവാനാണ് കൊതിച്ചിരുന്നത്.
നട്ടുച്ചയ്ക്ക് വെറുതെ കിടന്നുറങ്ങുന്നവളാകാനായിരുന്നു ഇഷ്ടം.
സന്ധ്യ കഴിഞ്ഞാൽ കഠാരയുമായ് കടന്ന് വരുന്ന കള്ളന്മാരെയാണ് പ്രതീക്ഷിച്ചിരുന്നത്.

നാല്പത് വയസ്സാകുന്ന കാലം
ഒരു മിടുക്കൻ ആൺകുട്ടിയുടെ അമ്മയാകാനാണ് കൊതിക്കുന്നത്.
നല്ല പോലെ മസാല ചേർത്ത കോഴിക്കറിയുണ്ടാക്കാനാണ് അടുക്കളയിൽ വച്ച് തോന്നുക.
മദ്യപാനം അവസാനിപ്പിച്ച ഒരു ഭർത്താവിന്റെയൊപ്പം വെറുതെ സംസാരിച്ച് കിടക്കാനാണ് പത്ത് മണി കഴിയുമ്പോൾ പൂതി.

അമ്പത് വയസ്സാകുന്ന കാലം
എന്തായിരിക്കും എന്റെ കൊതിയെന്ന് ഓർക്കുമ്പോൾ
എനിക്ക് ജിജ്ഞാസയും,
ഈ കൊതികളെല്ലാം എന്റെ മനസിൽ മൊട്ടിട്ടവയെന്ന് വിശ്വസിക്കുവാനുള്ള അത്യാഗ്രഹവും,
കൊതികളില്ലാത്ത കാലമുണ്ടാവും എന്ന ഭയവും,
സഹിക്കാനാവുന്നില്ല.