ചോരനിറമുണ്ടായിരുന്നത്,
ഇരട്ടവാലന്മാര്‍ ഭക്ഷിക്കുന്നു...
എന്റെ സ്മരണകള്‍ ഒരുതരി പൊടിപോലും പുരളാതെ...
2.അച്ഛന്, എല്ലാവരേയും ചിരിച്ച് സ്വീകരിക്കുന്നു...
അമ്മ, എല്ലാവരേയും ചിരിച്ച് സ്വീകരിക്കുന്നു...
അനിയന്, എല്ലാവരേയും ചിരിച്ച് സ്വീകരിക്കുന്നു...
എല്ലാവരും, ചിരിച്ചുകൊണ്ട് കടന്നുവരുന്നു,
പച്ച നിറമുള്ള സ്റ്റീല്‍ കസേരകളില്‍ ഇരിക്കുന്നു.
ലുബ്ധിച്ച്, ലുബ്ധിച്ച് ക്യാമറയുടെ മിന്നല്പിണരുകള്...
ക്യമറയെ നോക്കി എല്ലാവരും ചിരിക്കുന്നു
ഈര്‍ക്കിലില്‍ കോര്‍ത്തിട്ട പപ്പടങ്ങള്‍ പൊള്ളികുടിര്‍ന്ന് സുഗന്ധമായി...
കാച്ചി കാച്ചിയിരിക്കെ മുരളിയണ്ണന്റെ കയ്യില്‍ എണ്ണതെറിച്ചൊരു “അയ്യക്കാവോ”...
കാര്യമായൊന്നും പറ്റിയില്ല എന്ന് കണ്ട് എല്ലാവരും ചിരിക്കുന്നു, മുരളിയണ്ണനും.
എന്നെ ഒരുക്കുന്ന പെണ്ണുങ്ങള് കുണുങ്ങികുണുങ്ങി ചിരിക്കുന്നു,
വളകള്‍ ചിരിക്കുന്നു...പാദസരങ്ങളും
ആദ്യമായി സാരിയുടുത്ത ബീന എല്ലാവരെയും “മുന്താണി...ഒന്നു കുത്തി താ....ദാ പോയി...” എന്നൊക്കെ പറഞ്ഞ് ചിരിപ്പിച്ചു, അവളും ചിരിച്ചൂ...
എന്റെ അനിയന് അവളെ നോക്കി പ്രത്യേകം ചിരിക്കുന്നതും കണ്ടു...
ഒരു വെളുത്തുതുടുത്ത കുട്ടി പന്തലില്‍ വലിച്ച് കെട്ടിയിരിക്കുന്ന വെള്ളമുണ്ടില് നിന്നും മൊട്ടുസൂചികള്‍ അതിസൂക്ഷ്മതയോടെ വലിച്ചൂരുന്നു...
പുകയിലയുടെ ഗന്ധം...
മുല്ലപൂക്കളുടെ ഗന്ധം...
വിയര്‍പ്പിന്റെ , പൌഡറിന്റെ ഗന്ധം...
ചെറുക്കന്റെ കാലുകഴുകാന്‍ കിണ്ടി കാണാതെ ഓടുന്ന അനിയനെ ചാടിക്കുന്ന ഗോപാലനമ്മാവന്‍...
പനിനീര് തളിക്കുന്ന സന്തോഷിന്റെ സന്തോഷം...
അമ്മായി ഒരുങ്ങിയ അമ്മിണിയമ്മായിയുടെ പത്രാസ്, സന്തോഷം...
ലീലാമ്മായിയുടെ കുശുമ്പ്, സന്തോഷം...
താലികെട്ടിയപ്പോള്‍ വിറയ്ക്കാതിരുന്ന സ്വര്‍ണ്ണവാച്ച് കെട്ടിയ നീളന്‍ കയ്യുകള്‍...
നാദസ്വരത്തിലൂടെ ഒഴുകിവന്ന ഉമിനീര് കണ്ട് ചിരിച്ച ഭംഗിയുള്ള ചുണ്ടുകള്‍...
ഒപ്പിടാന്‍ നീട്ടിയ കറുത്ത പാര്‍ക്കര്‍, നീലമഷി നിറച്ചത്...
പായസത്തിനു മധുരം പോരാ എന്ന് പേരമ്മ കേള്‍ക്കുമെന്നോര്‍കാതെ ഉച്ചത്തില്‍ വിശ്വങ്കൊച്ചച്ചന്‍...
“ഇവിടെന്താ... അവിടെന്താ...”അച്ഛന് ചിരിച്ച് തളര്‍ന്ന് ഹാജരെടുക്കുന്നു...
പച്ചടിയില്‍ നിന്നുമൊരു പൂച്ചിയെ കിട്ടിയപ്പോള്‍ അതൊളിപ്പിക്കാന്‍ ഞാന്‍ പെട്ട പാട്...
അമ്മയും അമ്മായിമാരും അയലത്തെ പെണ്‍പിള്ളേരുമൊക്കെയും കരഞ്ഞപ്പോഴും കരായാതിരുന്ന ഞാന്‍...
3.നീണ്ടകരപാലത്തിനു പടിഞ്ഞാറ് സൂര്യാസ്തമനം കാട്ടി ചിരിക്കുന്ന കുഞ്ഞുനാത്തൂന്‍...
ഈ.എം.എസ്സിനെ പറ്റി പറഞ്ഞ് തീ പിടിക്കുന്ന ഡ്രൈവര്‍...
അന്യഗ്രഹജീവിയെ വീക്ഷിക്കുന്ന കൌതുകത്തോടെ എന്നെ ചികഞ്ഞ പുതിയ അയല്‍ക്കാരുടെ ചിരികള്‍, വക്രചിന്താശകലങ്ങള്‍...
പുതിയൊരമ്മയുടെ അമ്മിഞ്ഞപ്പാല്‍ച്ചിരികള്‍...
പരിചയപെടുന്നവരുടെ ആവര്‍ത്തനവിരസമായ ആശംസകളില്‍ ചിരിച്ച് ചിരിച്ച് തളര്‍ന്ന ഞങ്ങള്‍...
പുള്ളിക്കാരന്റെ ഒരു കൂട്ടുകാരന്, രഘുവിന്റെ അസഹനീയമായ തമാശകള്‍...
മദ്യത്തിന്റെ നേര്‍ത്ത ഗന്ധം...
4.രാവില്‍ അപരിചിതമായ ഒരു മുറിയില്‍
പാനസോണിക്കിന്റെ ടേപ്പില്‍ നിന്നും
“ഹൃദയസരസിലെ...” പാടും യേശുദാസും
ഏറ്റ് പാടുന്ന പുള്ളിക്കാരനും
കേട്ട് കേട്ട് ഉറങ്ങാതിരുന്ന ഞാനും...