Monday, October 18, 2010

വിരാമം






ഓരോ പുൽക്കുടിയിലും ത്രസിച്ചിരുന്ന വാസന്തം അപ്രത്യക്ഷമാകവെ
എന്റെ ആരാമത്തിലെ അരുവിയിതാ വരളുന്നു.

നിലാവുദിച്ചിട്ടും ആമ്പലുകൾ മിഴിപൂട്ടിയുറങ്ങുകയും
ഇളം വെയിലിൽ കൂടി താമരകൾ വാടുകയും ചെയ്യവെ
വണ്ടുകൾ ഇതളുകളെ നിരാശയോടെ മുറിവേൽ‌പ്പിക്കുന്നു.

എന്റെ ആരാമത്തിലെ ഈറനണിഞ്ഞ പച്ചപ്പുല്ലിൽ
നാണം കെട്ട് കിടന്നിരുന്ന കവിതയുടെ
നഗ്നമായ ശരീരത്തിൽ നിന്നും
സുഗന്ധവും നനവും നഷ്ടപ്പെടുന്നു.

കുയിലുകൾ വരണ്ട തൊണ്ടയിൽ നിന്നും രാഗം കണ്ടെത്താൻ ശ്രമിച്ച്
നിലവിളിയിലേക്ക് വീണ് നിലവിളിക്കുന്നു.

ഞാനെന്റ അന്തപുരത്തിലെ പട്ട് മെത്തയിൽ പട്ട് കിടക്കവെ
പുറത്തെവിടെയൊക്കെയോ പാൽച്ചിരികളിൽ നിന്നും,
അപ്രതീക്ഷിതമായൊരു രക്തവർഷം പൊഴിച്ച്
പുതിയ പുതിയ ആരമങ്ങൾ പൊടിച്ചുയരുന്നു.

പഴയ കവിതകളും കഥകളും അലമാരയിൽ നിന്നും എടുത്ത്
ഉടഞ്ഞു കൊണ്ടേയിരിക്കുന്ന മാറിലണയ്ക്കവെ
മരവിച്ചതിൽ നിന്നും ഒരു മുത്ത് കണ്ടെടുക്കുന്നു
ഒരു തുള്ളി കണ്ണുനീരിന്റെ വ്യർത്ഥമായ തിളക്കം.