
പറയാതിരുന്ന സത്യങ്ങളാണ്
കാഴ്ച്ച നഷ്ടപെട്ട കണ്ണുകളെ ഓമനിക്കുന്ന അന്ധയെപോലെ
ഞാനവയെ സ്പര്‍ശിക്കുന്നു.
കനലുകള്‍ എന്നെന്നേക്കും സ്മരണയായൊരു
അടുപ്പിന്റെ തണുപ്പില്‍ അസ്വസ്ഥയാകുന്ന
കുറുഞ്ഞിയെപ്പോലെ ഹൃദയം കരയുന്നു.
ഒരിക്കലവ അറബികഥകളിലെ മന്ത്രങ്ങളായിരുന്നു
എനിക്ക് ഒരായിരം മാന്ത്രികലോകങ്ങള്‍ തുറക്കാന്‍ കഴിയുമായിരുന്നു;
എന്നാലിന്നവ തുടലുകളാണ്
എന്റെ കവിളുകളില്‍ മുലകളില്‍ തുടകളില്‍
അവ മുറിവേല്‍പ്പിക്കുന്നു.
മുറിഞ്ഞു വീഴുന്ന മാംസകഷണങ്ങള്‍
നഷ്ടങ്ങളുടെ വീഞ്ഞ്ഭരണിയില് മുന്തിരികളാകുന്നു.
പറയാതിരുന്ന ഓരോ സത്യവും ഒരു ബാദ്ധ്യതയാണ്.
ബാദ്ധ്യതകളുടെ മുള്ളുകള്‍ ഹൃദയത്തിന്റെ മേശവലിപ്പില്‍
ആനന്ദത്തോടെ സൂക്ഷിക്കുന്ന ഞാന്‍
ഒരു മാനസികരോഗിയാണ്
രോഗത്തില്‍ ആസക്തയും
രോഗവുമൊത്തെന്റെ രാസലീലകളെ
നിലവിളി എന്നു പേരിട്ടുവിളിക്കാതിരിക്കുക.