Saturday, March 21, 2009

പാഠ്യപദ്ധതി

കത്തുന്ന സ്നേഹം കൈകാര്യം ചെയ്യുവാന്‍ പഠിക്കവെ
എന്റെ സാരി എരിയുന്നാതയ് കണ്ടു
പുള്ളിക്കാരന്‍ ഒരുപള്ളികൂടംകുട്ടിയേപ്പോലെ
ചിരിക്കുന്നതായും കണ്ടു
ഉച്ചരിക്കപെടാത്ത വക്കുകള്‍
ഉള്‍ക്കൊള്ളുവാന്‍ പഠിക്കവെ
കാലം മൂളും പറുദീസാപാട്ടുകള്‍ കേട്ടു
നിരര്‍ത്ഥതകളില്‍ മന്ദാരങ്ങള്‍ വിടര്‍ന്നു
സന്തോഷങ്ങള്‍ക്കൊപ്പം ദുഖങ്ങളേയും
സ്നേഹിക്കുവാന്‍ പഠിക്കവെ
ചിരികളുടേയും കണ്ണീര്‍ത്തുള്ളികളുടെയും കടക്കാരിയായി
എത്ര ഭീമമായ പലിശനിരക്കുകള്‍
പുള്ളിക്കരന് ഇഷ്ടമുള്ള മീന്‍കൂട്ടാന്‍
വയ്ക്കുവാന്‍ പഠിയ്ക്കവേ
എന്റെ ഇഷ്ടാനിഷ്ടങ്ങളുടെ
ഉപ്പെങ്ങനെ ചേര്‍ക്കണം എന്നുമറിഞ്ഞു....
ഇങ്ങനെ പലതും പഠിയ്ക്കവെ
എങ്ങനെ പഠിയ്ക്കണം എന്ന് പഠിച്ചൂ
ജീവിതത്തെ എങ്ങനെ പഠിയ്ക്കണം എന്ന്
സ്നേഹത്തെ എങ്ങനെ പഠിയ്ക്കണം എന്ന്

Friday, January 30, 2009

ഇരട്ടവാലന്മാരെത്താതിടങ്ങള്‍...

1.തടിയലമാരയിലെന്റെ കല്യാണസാരി,
ചോരനിറമുണ്ടായിരുന്നത്,
ഇരട്ടവാലന്മാര്‍ ഭക്ഷിക്കുന്നു...

എന്റെ സ്മരണകള്‍ ഒരുതരി പൊടിപോലും പുരളാതെ...

2.അച്ഛന്‍, എല്ലാവരേയും ചിരിച്ച് സ്വീകരിക്കുന്നു...
അമ്മ, എല്ലാവരേയും ചിരിച്ച് സ്വീകരിക്കുന്നു...
അനിയന്‍, എല്ലാവരേയും ചിരിച്ച് സ്വീകരിക്കുന്നു...
എല്ലാവരും, ചിരിച്ചുകൊണ്ട് കടന്നുവരുന്നു,
പച്ച നിറമുള്ള സ്റ്റീല്‍ കസേരകളില്‍ ഇരിക്കുന്നു.

ലുബ്ധിച്ച്, ലുബ്ധിച്ച് ക്യാമറയുടെ മിന്നല്‍പിണരുകള്‍...
ക്യമറയെ നോക്കി എല്ലാവരും ചിരിക്കുന്നു

ഈര്‍ക്കിലില്‍ കോര്‍ത്തിട്ട പപ്പടങ്ങള്‍ പൊള്ളികുടിര്‍ന്ന് സുഗന്ധമായി...
കാച്ചി കാച്ചിയിരിക്കെ മുരളിയണ്ണന്റെ കയ്യില്‍ എണ്ണതെറിച്ചൊരു “അയ്യക്കാവോ”...
കാര്യമായൊന്നും പറ്റിയില്ല എന്ന് കണ്ട് എല്ലാവരും ചിരിക്കുന്നു, മുരളിയണ്ണനും.

എന്നെ ഒരുക്കുന്ന പെണ്ണുങ്ങള്‍ കുണുങ്ങികുണുങ്ങി ചിരിക്കുന്നു,
വളകള്‍ ചിരിക്കുന്നു...പാദസരങ്ങളും
ആദ്യമായി സാരിയുടുത്ത ബീന എല്ലാവരെയും “മുന്താണി...ഒന്നു കുത്തി താ....ദാ പോയി...” എന്നൊക്കെ പറഞ്ഞ് ചിരിപ്പിച്ചു, അവളും ചിരിച്ചൂ...
എന്റെ അനിയന്‍ അവളെ നോക്കി പ്രത്യേകം ചിരിക്കുന്നതും കണ്ടു...

ഒരു വെളുത്തുതുടുത്ത കുട്ടി പന്തലില്‍ വലിച്ച് കെട്ടിയിരിക്കുന്ന വെള്ളമുണ്ടില്‍ നിന്നും മൊട്ടുസൂചികള്‍ അതിസൂക്ഷ്മതയോടെ വലിച്ചൂരുന്നു...

പുകയിലയുടെ ഗന്ധം...
മുല്ലപൂക്കളുടെ ഗന്ധം...
വിയര്‍പ്പിന്റെ , പൌഡറിന്റെ ഗന്ധം...

ചെറുക്കന്റെ കാലുകഴുകാന്‍ കിണ്ടി കാണാതെ ഓടുന്ന അനിയനെ ചാടിക്കുന്ന ഗോപാലനമ്മാവന്‍...
പനിനീര്‍ തളിക്കുന്ന സന്തോഷിന്റെ സന്തോഷം...
അമ്മായി ഒരുങ്ങിയ അമ്മിണിയമ്മായിയുടെ പത്രാസ്, സന്തോഷം...
ലീലാമ്മായിയുടെ കുശുമ്പ്, സന്തോഷം...

താലികെട്ടിയപ്പോള്‍ വിറയ്ക്കാതിരുന്ന സ്വര്‍ണ്ണ‍വാച്ച് കെട്ടിയ നീളന്‍ കയ്യുകള്‍...
നാദസ്വരത്തിലൂടെ ഒഴുകിവന്ന ഉമിനീര്‍ കണ്ട് ചിരിച്ച ഭംഗിയുള്ള ചുണ്ടുകള്‍...
ഒപ്പിടാന്‍ നീട്ടിയ കറുത്ത പാര്‍ക്കര്‍, നീലമഷി നിറച്ചത്...

പായസത്തിനു മധുരം പോരാ എന്ന് പേരമ്മ കേള്‍ക്കുമെന്നോര്‍കാതെ ഉച്ചത്തില്‍ വിശ്വങ്കൊച്ചച്ചന്‍...
“ഇവിടെന്താ... അവിടെന്താ...”അച്ഛന്‍ ചിരിച്ച് തളര്‍ന്ന് ഹാജരെടുക്കുന്നു...
പച്ചടിയില്‍ നിന്നുമൊരു പൂച്ചിയെ കിട്ടിയപ്പോള്‍ അതൊളിപ്പിക്കാന്‍ ഞാന്‍ പെട്ട പാട്...

അമ്മയും അമ്മായിമാരും അയലത്തെ പെണ്‍പിള്ളേരുമൊക്കെയും കരഞ്ഞപ്പോഴും കരായാ‍തിരുന്ന ഞാന്‍...

3.നീണ്ടകരപാലത്തിനു പടിഞ്ഞാറ് സൂര്യാസ്തമനം കാട്ടി ചിരിക്കുന്ന കുഞ്ഞുനാത്തൂന്‍...
ഈ.എം.എസ്സിനെ പറ്റി പറഞ്ഞ് തീ പിടിക്കുന്ന ഡ്രൈവര്‍...

അന്യഗ്രഹജീവിയെ വീക്ഷിക്കുന്ന കൌതുകത്തോടെ എന്നെ ചികഞ്ഞ പുതിയ അയല്‍ക്കാരുടെ ചിരികള്‍, വക്രചിന്താശകലങ്ങള്‍...
പുതിയൊരമ്മയുടെ അമ്മിഞ്ഞപ്പാല്‍ച്ചിരികള്‍...
പരിചയപെടുന്നവരുടെ ആവര്‍ത്തനവിരസമായ ആശംസകളില്‍ ചിരിച്ച് ചിരിച്ച് തളര്‍ന്ന ഞങ്ങള്‍...
പുള്ളിക്കാരന്റെ ഒരു കൂട്ടുകാരന്‍, രഘുവിന്റെ അസഹനീയമായ തമാശകള്‍...
മദ്യത്തിന്റെ നേര്‍ത്ത ഗന്ധം...

4.രാവില്‍ അപരിചിതമായ ഒരു മുറിയില്‍
പാനസോണിക്കിന്റെ ടേപ്പില്‍ നിന്നും
“ഹൃദയസരസിലെ...” പാടും യേശുദാസും
ഏറ്റ് പാടുന്ന പുള്ളിക്കാരനും
കേട്ട് കേട്ട് ഉറങ്ങാതിരുന്ന ഞാനും...

Thursday, December 25, 2008

പരീക്ഷയുടെ വക്ക്

1
സൂര്യയെ പോലെ-
യാകണം എനിക്കും...
വൈകുന്നേരം അവള്‍ കടലില്‍ വീണ്,
നനഞ്ഞ്,
കരിക്കട്ടയായി പോയാലും,
അടുത്ത ദിനം തിരികെയുത്തുന്നു,
പട്ട്നൂലുകളാല്‍ ഒരു പകല്‍സാരി നെയ്യുവാന്‍!
കടലിന്റെ അടിയിലെ മൃതശൈത്യത്തില്‍ നിന്നും
ഉച്ചയുടെ
ഉച്ചിയിലെരിയും
ഉന്മാദത്തിലേക്ക്
അവള്‍ നടക്കുന്ന
വഴികള്‍ തേടിയിറങ്ങെവെയൊരു
-സേഫ്ടി-
പിന്ന് പോലെ
ഒരു വേദശബ്ദം
തുളച്ചുകയറി, മാറില്‍...
‘പെഴ...’
അത് കേട്ട് എനിക്ക് ചിരി വന്നു
ഞാന്‍ നൊന്ത് കരഞ്ഞു
എല്ലവര്‍ക്കും സന്തോഷമായി
2
ദൈവമെ നിനക്ക് നന്ദി
ഞാനെന്റെ ആശയെ മതം മാറ്റി
അവള്‍ക്ക് പര്‍ദ്ദ നല്‍കി
അടുക്കളയില്‍ കോഴിബിരിയാണിയുടെ
ഗന്ധങ്ങളില്‍ വിയര്‍പ്പിന്റെ രൂക്ഷത കലര്‍ത്തി
ഒരു കിഴവന്റെ താടീയില്‍ പുരട്ടനായി
മൈലഞ്ചി നല്‍കി
അലങ്കാരം നഷ്ടപെട്ട കൈകള്‍ ഉയര്‍ത്തിക്കാ‍ട്ടി കീഴടങ്ങി
ആരോരുമറിയാഞ്ഞ
ഇരവുകളില്‍ ആളിയെരിഞ്ഞ
എന്റെ ഒളി-
സേവകള്‍ പക്ഷെ പ്രസാദിച്ചിരിക്കുന്നു
എന്റെ അപഥസഞ്ചാരപഥങ്ങളില്‍
പൂവിതളുകളും നീഹാരവും നവകിരണങ്ങളും പെയ്തു
ആ പ്രസാദപൂര്‍ണ്ണിമയില്‍
അനു നിമിഷം ഞാന്‍ മൂര്‍ച്ഛ തീണ്ടി
3
അധികദൂരം ഉണ്ടോ ?
ഉത്കണ്ഠയല്ല!
(വിജയവൈഖരിയെങ്കില്‍, “ഒരാദിമ ജിജ്ഞാസ“)
എല്ലാം പഠിച്ചിട്ടും
പരീക്ഷ്യ്ക്ക് തലകറങ്ങിവീഴുന്നവള്‍
എന്നിലില്ല,
ഇന്ന്.

Tuesday, December 23, 2008

നിശബ്ദനായിരിക്കൂ‍...

1
‘നിശബ്ദനായിരിക്കൂ‍...
ദയവായി
എന്റെ ജീവിതം നശിപ്പിക്കാതിരിക്കൂ‍...‘

2
പിശാച്ച് ബധിച്ച ഗന്ധര്‍വാ
എന്റെ കാതുകളുടെ നിലാവസ്ത്രം
ആ കറുത്തതന്ത്രികള്‍ വലിച്ചുകീറികളഞ്ഞിരിക്കുന്നു.
നിന്റെ കരങ്ങളില്‍ വിജിംഭൃതമായിരിക്കുന്ന ആസുരസംഗീതം
എന്റെ ആത്മവിനെ ഞെരിച്ചമര്‍ത്തുന്നു.
ഞരമ്പുകള്‍ വലിഞ്ഞു മുറുകുമ്പോള്‍,
നിന്റെ ശരീരത്തില്‍ എന്റെ കാമനകള്‍ പൂവണിയുന്നതായി
ആസക്തസ്വപ്നങ്ങള്‍ കാണുന്നു.
പാപക്കടിയില്‍ നീലിച്ച മുലകള്‍ക്കിടയില്‍
നിന്നും മഞ്ഞപുകച്ചുരുളുകള്‍ ഉയരുന്നു.

3
തുടകള്‍ക്കിടയിലെ ആഴികളിലേക്ക്
സുഖസുഗന്ധികളായ എണ്ണകളുമായി
എതു താഴ്വരങ്ങള്‍ കടന്നാണ്
നിന്റെ വന്യഗാനധാരകളെത്തുന്നത്?

ഒരു കയ്യില്‍ കത്തിയും മറുകയ്യില്‍ തോക്കുമായി
പിയ്യാനോയുടെ അടിയിലെ ഇരുണ്ട പാട്ടില്‍ നീയെന്തിനെന്‍
പൂച്ചകള്‍ക്കായി കാത്തിരിക്കുന്നു?

കണ്ണീരില്‍ നീന്തവെ
നീയെന്തിന് ചൂടുള്ള വിയര്‍പ്പായി പെയ്യുന്നു?

4
മലിനയായ നിന്റെ പുഴയില്‍ നിന്നു മോന്തവെ
ഞാന്‍ മരണത്തെ പറ്റി ആതുരയാകുന്നുവല്ലോ
നീ മരണത്തെപറ്റി പാടുമ്പോള്‍
ഞാന്‍ ഒരു മദജലത്തുള്ളിയാകുന്നുവല്ലോ
നീ കണ്ണീരില്‍ നനഞ്ഞ് തേങ്ങവെ
ഞാന്‍ ഒരു കുഞ്ഞിനെപ്പോലെ ചിരിക്കുന്നുവല്ലോ

5
നമ്മളിലാര്‍ക്കായിരുന്നൂ ഭ്രന്ത്, മറന്നുപോകുന്നു...

6
സത്യം, നിന്റെ ശബ്ദങ്ങളില്‍ അലിയുന്നു.
നീ പ്രപഞ്ചത്തെ വഞ്ചിക്കുന്നു.
ഞാന്‍ ഒഴിഞ്ഞ തെരുവിലൂടെ ചിത്തരോഗിണിയായി പറക്കുന്നു.
പനിനീര്‍ചെടിയുടെ മുള്ളുകള്‍ കൊണ്ട് ഞരമ്പ് മുറിക്കുന്നു.
എന്റെ ചേതനയുടെ അവസാന നാളം,
അവശ്ശപ്രകാശം, മുട്ടുകുത്തിക്കേഴുന്നു.
‘നിശബ്ദനായിരിക്കൂ‍...
ദയവായി
എന്റെ ജീവിതം നശിപ്പിക്കാതിരിക്കൂ‍...‘


പക്ഷെ, നീ,
വെയില്‍കുത്തിച്ചിക്ക് വായുവില്‍ പിറന്ന മൃഗതൃഷ്ണ,
പിശാച് ബാധിച്ച ഗന്ധര്‍വന്‍,
തുടര്‍ന്നും
പാടി രസിക്കുന്നൂ...

Friday, December 12, 2008

ഭാഗ്യവതിയായ ഭാര്യ

നിങ്ങള്‍ ഒരു പുരുഷനാണോ?
നിങ്ങള്‍ മദ്യപിക്കാറുണ്ടോ?
നിങ്ങള്‍ മദ്യപിച്ച് അബോധത്തില്‍ വീട്ടില്‍ പോകാറുണ്ടോ?
ഉണ്ടെന്നാണെങ്കില്‍
നിങ്ങളുടെ ഭാര്യ ഭാഗ്യവതി തന്നെ.

അവള്‍ക്ക് ഒറ്റയ്ക്ക് കിനാവ്(ടി വി) കണ്ടിരിക്കുന്നതാണിഷ്ടമെങ്കില്‍
അതാവാമല്ലോ

അവൾക്ക് ജാരൻ ശീലമെങ്കില്‍ പിന്നെ
ഭയം വേണ്ടല്ലോ

നിങ്ങളെ നിന്ദിക്കുന്നതാണ് പ്രിയമെങ്കില്‍ ആരുമവളെ
കുറ്റം പറയില്ലല്ലൊ

കുട്ടികളോട് കള്ളം പറയുന്നതാണ് രസമെങ്കിൽ
വളരെ അധികം രസിക്കാമല്ലോ

അവൾക്ക് വിഷാദമിഷ്ടമാണെങ്കിൽ
അവള്‍ നിങ്ങളെ മറ്റാരേക്കാളും ആവശ്യപ്പെടുമല്ലോ....


Thursday, December 11, 2008

മൌനാനുഭൂതി

...കവിത കുറുകിക്കുറുകി മൌനമുണ്ടായി.
അക്ഷരങ്ങള്‍ക്കിടയിലെ ഇല്ലാചില്ലയിലിരുന്ന് കാണാപ്രാവായത് കുറുകി.
പല പിറവികളില്‍
ഞരമ്പും നാഡിയും ഹൃദയവും കെട്ടികൂട്ടിയതത്രയും
ആ നിശബ്ദപ്രളയത്തില്‍ ഒലിച്ചുപോയി...
ഞാന്‍ നിരാശ്രയായി
ഒരു വരികച്ചിതുരുമ്പില്‍ പിടിക്കാന്‍ ശ്രമിച്ചു
പക്ഷേ ആ പാരാവാരത്തില്‍ എന്റെ ഏക ഗുണം
നിസ്സഹായതയായിരുന്നു.
ജീവവായുവിനായി, ഒരിറ്റ് ശബ്ദത്തിനായി തേങ്ങി!
പിന്നീടേതൊ യുഗത്തില്‍,
മരിച്ചു പോകട്ടെ എന്നു വിചാരിച്ച്
കണ്ണുകള്‍ പൂട്ടി
സമരങ്ങള്‍ അവസാനിപ്പിച്ചു.
എന്നാല്‍ നിശബ്ദതയില്‍ ആരും
മരിക്കില്ലാ
എന്ന് ഞാന്‍ പഠിക്കുകായാണുണ്ടായത്!
അത്ഭുകരമായത് അതുമല്ലല്ലോ, ഞാന്‍
വീണ്ടും
വീണ്ടും
ജനിച്ചുകൊണ്ടേയിരുന്നു!!!
ഇള്ളാവാവയായി...
കറ്റേല്‍ക്കും സരോവരത്തി,ലലകള്‍ പോലെ...
കന്യകയായ ഗണികയായ്...
നിത്യവാസന്തതില്‍ കല്പവൃക്ഷങ്ങളില്‍ പൂക്കള്‍ പോലെ...
സൌഭാഗ്യത്തിന്റെ നവനവസാഗരമാലകള്‍...
പകര്‍ത്തുവാന്‍ ശ്രമിച്ച ഏവരെയും നോക്കി
ചിരിതൂകി
തിരുവിളയാടും
ശൈവസായൂജ്യം,
സമ്പൂജ്യ പൂജ്യം...

Sunday, November 30, 2008

ഭൂതസംഭോഗം




അതിലോല ധൂമങ്ങള്‍ കൊണ്ടെനിക്കു നീ സമ്മാനിച്ച മൂടുപടങ്ങള്‍...

കവിതയെന്നു പേരിട്ട് അയച്ചു തന്നിരുന്ന അസഭ്യപദാവലികള്‍, ആസക്തികള്‍...

മിന്നിമറഞ്ഞ യഥാര്‍ത്ഥകവിതകള്‍... നിന്റെ പൌരുഷം എന്റെ കറുത്ത കടലാസുകളില്‍
കുത്തി-
ക്കുറിച്ചവ...


എന്റെ പേരിലെടുത്ത ‘മാക്ബെത്ത്’ നീ തിരികെ നല്‍കാഞ്ഞതിനാല്‍ വയനശാ‍ലയില്‍ ഞാന്‍ പിഴയടച്ചതിന്റെ രശീത്...

വേഴ്ച്ചയില്‍ നീയെനിക്കേകിയ വേര്‍പ്പിന്റെ തുള്ളികള്‍ കോര്‍ത്തിട്ട മാലകള്‍...

നിന്റെ ഉഷ്ണങ്ങളില്‍ തളര്‍ന്നുവീണ നമ്മുടെ ചെമ്പരത്തികള്‍...

നിന്റെ ചോര പുരണ്ട ഒരു മദ്യകുപ്പിച്ചില്ല്...

ഭൂതാവിഷ്ടരി’ല്‍ ‍ഉണക്കി സൂക്ഷിച്ച പൂവോടുകൂടിയ കുറുഞ്ഞിച്ചെടി...

എല്ലാം ജീവനുള്ള കല്ലറയിലെ വെണ്ണക്കല്ലുകള്‍...സ്വപ്നങ്ങള്‍ മോന്തി മത്തടിക്കുന്ന മൃതശരീരം...ഞാന്‍...ഞാന്‍ ഞെരിപിരി കൊള്ളുന്നു...

നീയെനിക്കേകിയ സുരതസൌഭാഗ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന അവയുടെ അടിയില്‍ ഞാനിന്നും ഞെരിപിരി കൊള്ളുന്നു...ശ്യാം ഞാന്‍ നിന്റെ പെണ്ണിന്റെ ബാധ കയറിയവളായി പോകുന്നു...